News

പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും  മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ  മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു. 

12/07/2021 രാവിലെ 2.35ന്  പരുമല ആശുപത്രിയില് വെച്ചായിരുന്നു അദ്ദേഹം വിടവാങ്ങിയത്. 74 വയസായിരുന്നു.  കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി  പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. ക്യാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ  സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി  ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2010 നവംബര്‍  ഒന്നാം തീയതിയാണ്  പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനാകുന്നത്.

കുന്നംകുളം മങ്ങാട്ട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കൊള്ളന്നൂര്‍ വീട്ടില്‍ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി 1946 ഓഗസ്റ്റ് 30 ന് ജനിച്ച കെ. ഐ. പോളാണ് പില്‍ക്കാലത്ത്  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആയി ഉയര്‍ന്നത്.

ഭൗതികശരീരം 12 തിങ്കള്‍ വൈകിട്ട് സന്ധ്യാനമസ്‌കാരം വരെ പരുമലസെമിനാരിയില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന്  ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ദേവാലയത്തിലേക്ക്  കൊണ്ടുപോകും.

13 ചൊവ്വ രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍  വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് 3 മണിക്ക്   കബറടക്ക ശുശ്രൂഷ ആരംഭിക്കും. 5 മണിയോടുകൂടി ദേവലോകം കാതോലിക്കേറ്റ് അരമനയുടെ ചപ്പാലിനോട് ചേർന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവമാരുടെ കബറിടത്തിനോട് ചേർന്നുള്ള കബറിടത്തിൽ സംസ്കാരം നടത്തപ്പെടുന്നതാണ്.

 

പരിശുദ്ധ കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തിൽ Malankara Orthodox Church, Doha ഇടവകയുടെ അനുശോചനം അറിയിക്കുന്നു.